About Us

" സത്യം ചെയ്യിക്കല്‍ ചടങ്ങുള്ള ക്ഷേത്രം ഒരു ദേവീസങ്കല്‍പ്പത്തെ മൂന്നു ഭാവങ്ങളില്‍ ആരാധിക്കുന്ന കേരളത്തിലെ ഏകക്ഷേത്രം. കാര്യ സാധ്യത്തിന് നടതുറന്ന് തൊഴല്‍ നേര്‍ച്ചയുള്ള ക്ഷേത്രം."
ദേവീനട

ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുന്‍കാലങ്ങളില്‍ വെള്ളി മുഖത്തോടുകൂടിയായ കലമാന്‍ കൊമ്പില്‍ മൂലസ്ഥാനത്ത് പീടത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പ്രശ്നവിധിയില്‍ ഭക്തര്‍ക്ക് ദേവിയുടെ രൂപം കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കാന്‍ വിഗ്രഹപ്രതിഷ്ഠ വേണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തച്ചുശാസ്ത്ര വിധിപ്രകാരം പഴയ ശ്രീകോവില്‍ അതേ അളവില്‍ നിര്‍മ്മിച്ച് ദേവിയെ പഞ്ചലോഹവിഗ്രഹത്തില്‍ ഷടധാരവിധിപ്രകാരം പ്രതിഷ്ടിച്ചിരിക്കുന്നു. (1997 മാര്‍ച്ച്‌ 21) നിത്യശാന്തിക്കും മാറാരോഗങ്ങള്‍ മാറുന്നതിനും രോഗശാന്തിക്കും വേണ്ടി ആയിരക്കണക്കിന് ആളുകള്‍ ദേവിയെ ദിനംപ്രതി തൊഴുതു മടങ്ങുന്നു. പ്രത്യേകമായി ദേവിക്ക് ഒരുനേരത്തെ പൂജ നടത്താവുന്നതാണ്. ഇത് ദേവീനടയിലെ പൂജ എന്നാണ് അറിയപ്പെടുന്നത്. കഷ്ടതകളും ദുരിതങ്ങളും ദേവീകടാക്ഷത്താല്‍ മാറികിട്ടുന്നതിനാണ് ഈ പൂജ നടത്തുന്നത്. കടും പായസമാണ് ഇഷ്ടനിവേദ്യം. അര്‍ച്ചന, രക്തപുഷ്പാര്‍ച്ചന, സ്വയംവരാര്‍ച്ചന, സഹസ്രനമാര്‍ച്ചന, പാല്‍പ്പായസം, പഞ്ചാമൃതഭിഷേകം, നെയ്യ് വിളക്ക്, വച്ചുനിവേദ്യം, പൌര്‍ണമിപൂജ, സാരിചാര്‍ത്ത്, പിടിപ്പണം വാരല്‍, ഉടയാടകള്‍ നേര്‍ച്ച എന്നിവ ഈ നടയില്‍ വഴിപാടായി നടത്താവുന്നതാണ്.രാവിലെ നിര്‍മ്മാല്ല്യദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ ദേവിക്ക് നടത്താവുന്ന വഴിപാടാണ് പഞ്ചമൃതാഭിഷേകം. കാര്യങ്ങള്‍ താമസം കൂടാതെ നടക്കുന്നതിനും, ദോഷങ്ങള്‍ മാറി കിട്ടുന്നതിനുമായി ദേവിക്ക് തുടര്‍ച്ചയായി 13 വെള്ളിയാഴ്ച്ച രക്തപുഷ്പാര്‍ച്ചന നടത്തുന്നതും ദേവിദര്‍ശനം നടത്തുന്നതും വളരെ ഉത്തമമാണ്. അതുകൂടാതെ ദേവീനടയില്‍ നിന്നും ദേഹസൗഖ്യത്തിനും ഉറക്കത്തില്‍ ദു:സ്വപ്‌നങ്ങള്‍ കണ്ടു പേടിക്കാതിരിക്കാനും ബാധകള്‍ കൊണ്ടുള്ള ദോഷങ്ങള്‍ മാറുന്നതിനും ചരട് ജപിച്ചു കെട്ടുന്നു. തകിടെഴുതി ദേവീ പാദത്തില്‍ വച്ച് 21 ദിവസം പൂജിച്ച് കെട്ടുന്നത് പ്രസവരക്ഷയ്ക്കും ദേഹരക്ഷയ്ക്കും മറ്റ് ദോഷങ്ങളില്‍ നിന്നുള്ള രക്ഷയ്ക്കും വളരെ ഉത്തമമാണ്.

രക്തചാമുണ്ഡി

ക്ഷിപ്രപ്രസാദിനിയും വിളിച്ചാല്‍ വിളിപ്പുറതെത്തുന്ന അമ്മയുമായ ശ്രീ രക്തചാമുണ്ഡി കുടികൊള്ളുന്ന ആലയമാണ്. എവിടെ രൗദ്രഭാവത്തിലുള്ള രക്തചാമുണ്ഡിദേവിയുടെ ചുവര്‍ചിത്രമാണ്‌. പണ്ട് രാജഭരണകാലത്ത് നീതി നിര്‍വ്വഹണത്തിനുവേണ്ടി ഈ സങ്കേതത്തില്‍ വന്ന് സത്യം ചെയ്യുക എന്നത് ഒരു ചടങ്ങായിരുന്നു. കോടതി, പോലീസ്‌ സ്റേറഷന്‍ എന്നിവിടങ്ങളില്‍ തെളിയാത്ത കേസുകള്‍ക്ക്‌ ഈ നടയില്‍ വന്ന് സത്യം ചെയ്യുന്നത് നിത്യസംഭവമാണ്. ഇപ്പോഴും നാടിന്‍റെ നാനഭാഗത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും പണമിടപാടുകളിലെ പിശകുകള്‍ക്കും മോഷണങ്ങള്‍ക്കും പിടിച്ചുപറി, തട്ടിപ്പ്, ജോലിസംബന്ധമായ തടസ്സങ്ങള്‍, വസ്തു ഇടപാടുകളിലെ തര്‍ക്കം എന്നിവയ്ക്ക് 101 രൂപ പിഴ അടച്ചു നട തുറന്ന് സത്യം ചെയ്യുകയും വിളിച്ചപേക്ഷിക്കുന്നതും തീര്‍പ്പുകല്‍പ്പിക്കുന്നതും ഇവിടത്തെ നിത്യസംഭവങ്ങളാണ്. ഈ നടയിലെ പ്രധാന പൂജ ശത്രു സംഹാരപൂജയാണ്. വിളിദോഷങ്ങള്‍ മാറുന്നതിനും ക്ഷുദ്രപ്രയോഗങ്ങള്‍, പുതിയതായി ഒരു സംരംഭം തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍, കൈവിഷം, ദൃഷ്ടിദോഷം, ജാതകദോഷം,ശത്രുക്കള്‍ മുഖാന്തരം ഉണ്ടാകുന്ന ചതിപ്രയോഗങ്ങള്‍ എന്നിവയ്ക്ക് മുക്തി ലഭിക്കുന്നതിനാണ് പ്രത്യേക പൂജ നടത്തുന്നത്. രക്തചാമുണ്ഡിക്ക് കടുംപയാസം, ചുവന്നപട്ട്, പാവാട, തെറ്റിഹാരം, കോഴി, കിട (കിടാവ്) എന്നീ നേര്‍ച്ചകളും സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള പണ്ടങ്ങളും ആയുധങ്ങളും ദേവിക്ക് നടയ്ക്ക് വയ്ക്കാവുന്നതാണ്. ഈ നടയിലെ നടതുറപ്പ് നേര്‍ച്ച ഭക്തജനങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ 7.15 മുതല്‍ 11 മണിവരെയും വൈകുന്നേരം 4.45 മുതല്‍ 6 മണിവരെയും നടത്താവുന്നതാണ്. ഈ നടയിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ നടതുറപ്പ് നേര്‍ച്ച നടത്തുന്നതിന് ദിനംപ്രതി അനേകംപേരാണ് വന്നെത്തുന്നത്.

ബാലാചാമുണ്ഡിനട

ശാന്തസ്വരൂപിണിയും ഐശ്വര്യപ്രദായിനിയുമായ ശ്രീബാലചാമുണ്ഡിദേവി കുടികൊള്ളുന്ന ആലയമാണ്. ഇവിടെ സൗമ്യരൂപത്തിലുള്ള ശ്രീബാലചാമുണ്ഡിദേവിയുടെ ചുവര്‍ചിത്രമാണ്. ദേവീനടയ്ക്കും രക്തചാമുണ്ഡിനടയ്ക്കും തൊട്ട് തെക്കു വശത്തായി ചണ്ടമുണ്ട നിഗ്രഹം കഴിഞ്ഞ് കോപമെല്ലാം ശമിച്ച് ശാന്തരൂപത്തില്‍ ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ദേവിയുടെ സൗമ്യരൂപത്തിലുള്ള സങ്കല്പമായതിനാല്‍ കൂടുതലും കുട്ടികള്‍ക്കുള്ള നേര്‍ച്ചയാണ് ഈ നടയില്‍ നടത്തപ്പെടുന്നത്. സന്താനങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതിമാര്‍ക്ക് സന്താനഭാഗ്യം സിദ്ധിക്കുന്നതിനും കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ബാലാരിഷ്ടതകള്‍ മാറുന്നതിനും 101 രൂപ പിഴ അടച്ച് നടതുറന്ന്‍ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദേവി അതിനുടനടി അനുഭവം നല്‍കുമെന്നാണ് വിശ്വാസം. ഇങ്ങനെ നടതുറന്ന് പ്രാര്‍ത്ഥിച്ച് കാര്യങ്ങള്‍ നടക്കുമ്പോള്‍ ഭക്തജനങ്ങള്‍ നേര്‍ച്ചയായി പ്രത്യേക പൂജ നടത്തുന്നു. കടുംപയാസം, പട്ട്‌, മുല്ല, പിച്ചി, എന്നിവയിലുള്ള ഹാരങ്ങള്‍, ഉടയാടകള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയിലുള്ള രൂപങ്ങള്‍, സന്താനലബ്ധിക്കായി തൊട്ടിലും കുഞ്ഞും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, മറ്റു സാധനങ്ങള്‍, കുഞ്ഞൂണ്‍, തുലാഭാരം എന്നീ നേര്‍ച്ചകള്‍ നടത്താവുന്നതാണ്. വിദ്യാഭ്യാസം, കല, സാംസ്‌കാരിക രംഗങ്ങളില്‍ ഉയര്‍ച്ച ഉണ്ടാകുന്നതിനും മത്സരപരീക്ഷകളില്‍ വിജയിക്കുന്നതിനും വേണ്ടി ഇവിടെ നടതുറന്ന് പ്രാര്‍ത്ഥിക്കുവാന്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

പൊങ്കാല

ദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നാളിലാണ്‌ പൊങ്കാല. കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ എഴാം ഉത്സവദിവസം നടക്കുന്ന അതിപ്രധാനവും അതിവിശിഷ്ടവും ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങള്‍ പങ്കെടുക്കുന്നതുമായ ചടങ്ങാണ് ഇത്. പണ്ട് ദേവിയെ ഗുരുവും മന്ത്രമൂര്‍ത്തിയുമായി കരിക്കകം ദേശത്തേക്ക് കൊണ്ടുവന്ന് തറവാട് മുറ്റത്ത് പച്ചപന്തല്‍ കെട്ടി പ്രതിഷ്ഠ നടത്തിയ സമയത്ത് സ്തീ ഭക്തജനങ്ങള്‍ ദേവിക്ക് പന്തല്‍ മുറ്റത്ത്‌ മണ്‍കലങ്ങളില്‍ പായസം തയ്യാറാക്കി നിവേദിക്കുകയുണ്ടായി. പിന്നീട് ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ച് ദേവിയെ പ്രതിഷ്ഠിച്ച വേളയില്‍ വച്ചുനിവേദ്യം എന്ന പേരില്‍ നിവേദ്യമായി ആചരിച്ചു പോന്നു. കാലക്രമേണ അഷ്ടമംഗല ദേവപ്രശ്നത്തില്‍ ഈ വിഷയം തെളിയുകയും ദേവിയുടെ പുറത്തെഴുന്നള്ളത്ത്‌ കഴിഞ്ഞ് മടങ്ങിവന്നശേഷം പഴയകാലത്ത് സ്ത്രീ ജനങ്ങള്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചതു പോലെ ഭക്തജനങ്ങള്‍ പൊങ്കാലയിട്ട് ദേവീകടാക്ഷത്തിനായി പ്രാര്‍ത്ഥിക്കുകയും ദേവി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

താലപ്പൊലി

ക്ഷേത്രത്തിലെ ഉത്സവ നാളുകളിലെ ദേവിയുടെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് താലപ്പൊലി. പണ്ട് പുരാതനകാലത്ത്‌ ദേവിയെ ഗുരുവും തറവാട് കാരണവരും ചേര്‍ന്ന്‍ കരിക്കകം ദേശത്ത് കൊണ്ടുവന്നപ്പോള്‍ ബാലികാ രൂപത്തില്‍ സാന്നിദ്ധ്യം ചെയ്താണ് ദേവിയെ അനുഗമിച്ചത് എന്നാണ് സങ്കല്പം. ആയതിനാല്‍ ഉത്സവ നാളുകളില്‍ അതിനെ അനുസ്മരിപ്പിക്കുന്നതിന് ബാലികമാര്‍ ദേവിക്ക് താലപ്പൊലി നേര്‍ച്ചയായി സമര്‍പ്പിക്കുന്നു. ഇതിനായി ഉത്സവനാളുകളില്‍ ഭക്തജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

Gallery